കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ എന്ന് റിപ്പോർട്ട്

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ എന്ന് റിപ്പോർട്ട്. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. അക്രമാസക്തരാകൽ, ആത്മഹത്യപ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളുള്ളവർക്കാണ് ഇവിടെ കൗൺസലിങ് നടത്തുക. ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ട് 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇവിടെ സൗജന്യ കൗൺസലിങ് നൽകുന്നത്. ആൺകുട്ടികളാണ് ഇതിൽ മുന്നിലെന്ന് പ്രോജക്ട് കോഡിനേറ്റർ സഞ്ജന റോയ് പറയുന്നു. 15-17 വയസ്സുകാരാണ് കൂടുതലും. ആൺകുട്ടികൾ ഗെയിമുകൾക്കും പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങൾക്കുമാണ് കൂടുതൽ അടിമപ്പെടുന്നതെന്ന് അവർ വ്യക്തമാക്കി. മാതാപിതാക്കൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവർ അറിയിക്കുന്നതനുസരിച്ചാണ് കുട്ടികളെ കൗൺസലിങ്ങിന് വിളിക്കുന്നത്. കൗൺസലിങ്ങിനെത്തുന്ന വിദ്യാർഥികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.