ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്. രാജ്യത്തെ ഉന്നത ആരോഗ്യ ഗവേഷണ ഏജന്‍സിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ആണ് രോഗനിര്‍ണയത്തെ തുടര്‍ന്ന് രാജ്യത്തെ അഞ്ചില്‍ മൂന്നുപേരും അകാലമരണം നേരിടുന്നുവെന്ന മുന്നറിയിപ്പ് നല്‍കിയത്. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററി എന്ന സംരംഭത്തില്‍ നിന്നുള്ള കണക്കുകള്‍ ഉപയോഗിച്ച് രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട അകാല മരണനിരക്ക് 64.8 ശതമാനമാണെന്ന് കണ്ടെത്തി. അന്താരാഷ്ട്ര മെഡിക്കല്‍ ജേണലായ ‘ദി ലാന്‍സെറ്റ് റീജ്യണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ’യില്‍ ആണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ അസന്തുലിതമായ കാന്‍സര്‍ മരണനിരക്കും പഠനം വെളിപ്പെടുത്തി. കാന്‍സര്‍ മരണങ്ങള്‍ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നു. ഇന്ത്യയിലെ ഉയര്‍ന്ന കാന്‍സര്‍ മരണനിരക്ക്, വൈകിയുള്ള രോഗനിര്‍ണയം, യഥാസമയം ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള വെല്ലുവിളികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഡോക്ടര്‍മാര്‍ ഇത് വിശദീകരിച്ചത്. വൈകിയ രോഗനിര്‍ണയം, ചികിത്സ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട്, വലിയ മെട്രോകളില്‍ മാത്രം കാന്‍സര്‍ വിദഗ്ധരുടെ കേന്ദ്രീകരണം തുടങ്ങിയവ ഇന്ത്യയിലെ യാഥാര്‍ത്ഥ്യങ്ങളാണെന്ന് കാന്‍സര്‍ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ പ്രസിഡന്റും ഓങ്കോസര്‍ജനുമായ രാജേന്ദ്ര ടോപ്രാനി വ്യക്തമാക്കി. സ്ത്രീകളിലാണ് സ്തനാര്‍ബുദം ഏറ്റവും വ്യാപകമായി തുടരുന്നത്. കുട്ടികളിലെ ഏറ്റവും സാധാരണമായ അര്‍ബുദമാണ് ലുക്കീമിയ. 41 ശതമാനം കേസുകളും മസ്തിഷ്‌ക കാന്‍സര്‍, നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ തുടങ്ങിയവയാണ്. ആണ്‍കുട്ടികളില്‍ 43 ശതമാനവും പെണ്‍കുട്ടികളില്‍ 38 ശതമാനവും രക്താര്‍ബുദമാണ് മരണത്തിന്റെ പ്രധാന കാരണം. പ്രതിവര്‍ഷം 704,000 പുതിയ കാന്‍സര്‍ രോഗികളും 484,000 കാന്‍സര്‍ മരണങ്ങളും സംഭവിക്കുന്നു. വരുന്ന 2 ദശാബ്ദങ്ങളില്‍ ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കാന്‍സറുമായി ബന്ധപ്പെട്ട മരണനിരക്ക് പ്രതിവര്‍ഷം 2 ശതമാനം വര്‍ധിക്കുന്നുവെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.