തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിർവഹിച്ചു. പേ വാര്‍ഡ് രണ്ടാം ഘട്ടം, വിദ്യാര്‍ഥികളുടെ ക്ലാസ് മുറികള്‍, ശ്വാസകോശ രോഗികളുടെ പുനരധിവാസ പരിശീലന കേന്ദ്രം, ആശ്വാസ് വാടക വീട്, നവീകരിച്ച മള്‍ട്ടി ഡിസിപ്ളിനറി റിസര്‍ച്ച് യൂണിറ്റ് എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. കൂടാതെ കൃത്രിമ അവയവ നിര്‍മ്മാണ കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, ലോക്കല്‍ ഒ.പി, ജൈവ പ്ലാന്റ്, കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനവും അലുമിനി അസോസിയേഷന് നല്കിയ പത്ത് ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കലും മന്ത്രി നിര്‍വ്വഹിച്ചു. മുളകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വന്തമായി 33 കെ വി സബ്സ്റ്റേഷന് നിര്‍മ്മിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് മന്ത്രി തദവസരത്തിൽ വ്യക്തമാക്കി. മെഡിക്കല്‍ കോളേജിന്റ അഭിമാനമായി മാറാന്‍ പോകുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെയും നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. വേറിട്ട ചികിത്സകളിലൂടെയും കൂട്ടായ പ്രയത്നത്തിലൂടെയും മെഡിക്കല്‍ കോളേജിന്റെ യശ്ശസ് കൂടുതല്‍ ഉയര്‍ന്നതായും മന്ത്രി കൂട്ടിച്ചേർത്തു.