നേത്രപരിശോധന നടത്തുന്നതിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാൻ കഴിയുമെന്ന് പഠന റിപ്പോർട്ട്. ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് കണ്ണിന്റെ സ്‌കാനിങ്ങിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയുവാൻ കഴിയുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. യു.കെ. ബയോബാങ്ക് പഠനത്തിൽ 55 വയസ്സിനു മുകളിൽ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും മനസിലാക്കി സ്‌ട്രോക്കിന്റെ സാധ്യത കണ്ടെത്താമെന്നാണ് പഠനത്തിൽ പറയുന്നത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ശൃംഖല തലച്ചോറിന്റേതുമായി സാമ്യമുള്ളതായി പഠനം സൂചിപ്പിക്കുന്നു. അതിനാൽ തലച്ചോറിലെ രക്തക്കുഴലുകളുടെ അപകടസാധ്യതകൾ തിരിച്ചറിയാൻ റെറ്റിനയിലെ രക്തക്കുഴലുകളുടെ ആരോഗ്യം വിലയിരുത്തിയാൽ മതിയാകുമെന്നാണ് ഗവേഷകരുടെ വിശദീകരണം. ഒരു ലളിതമായ റെറ്റിന സ്‌കാനിങ്ങിലൂടെ രക്തക്കുഴലുകളുടെ നീളം, വ്യാസം, സാന്ദ്രത തുടങ്ങിയ സവിശേഷതകൾ വിശകലനം ചെയ്യാൻ സാധിക്കും. സ്‌ട്രോക്ക് തടയുന്നതിനുള്ള പ്രതിവിധിയായി റെറ്റിന സ്‌കാനുകളുടെ ഫലങ്ങൾ പ്രയോജനപ്പെടുത്താമെന്ന് പഠനത്തിന്റെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടുന്നു.