ഉപവാസത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്

ഉപവാസത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഭാരം കുറയ്ക്കാൻ ആരോഗ്യപരമായ ഉപവാസം നല്ലതെന്നും റിപ്പോർട്ടുകളുണ്ട്. വണ്ണംകുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് വളരെ മികച്ചതാണെന്ന് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നു. നേച്ചർ മെഡിസിൻ ജേർണലിലാണ് ഇതേക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭക്ഷണ സമയക്രമീകരണം എങ്ങനെ ഭാരം കുറയുന്നതിനെ സഹായിക്കും എന്ന ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തലിലെത്തിയത്. സ്‌പെയിനിൽ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചത്. 197 പേരിലാണ് പഠനം നടത്തിയത്. രാവിലെയും, ഉച്ചയ്ക്ക് ശേഷവും മാത്രം എട്ടുമണിക്കൂർ ഇടവേളയെടുത്ത് ഭക്ഷണം കഴിക്കുന്നവരാണ് ഒന്നാമത്തെ ഗ്രൂപ്പ്. രണ്ടാമത്തെ ഗ്രൂപ്പ് ഉച്ചയ്ക്കും വൈകുന്നേരവും മാത്രം ഭക്ഷണം കഴിക്കുന്നവരാണ്. മൂന്നാമത്തെ ഗ്രൂപ്പ് എട്ടുമണിക്കൂർ ഇടവേളയിൽ മാത്രം ഭക്ഷണം കഴിക്കുന്നവരും‌ നാലാമത്തെ ഗ്രൂപ്പ് ഭക്ഷണ നിയന്ത്രണങ്ങളൊന്നുമില്ലാതെ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവരുമാണ്. മെഡിറ്റനേറിയൻ ഡയറ്റ് പിന്തുടരുന്നവരേക്കാൾ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് നടത്തുന്നവർക്ക് ഭാരം കുറയുന്നതായി കണ്ടെത്തി. ഭക്ഷണ സമയ ക്രമീകരണം ഭാരം കുറയ്ക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ഭക്ഷണം നേരത്തെ കഴിക്കുന്നതിലൂടെ ഭക്ഷണം വേഗത്തിൽ ദഹിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയിലെ അളവ് കുറയ്ക്കാനും സാധിക്കുന്നുവെന്ന് പഠനത്തിൽ ഉൾപ്പെടുത്തുന്നു.