അമിതവണ്ണം നിർണയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവേഷകർ

അമിതവണ്ണം നിർണയിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവേഷകർ. മുൻപത്തെപോലെ ഇനി ബോഡി മാസ് ഇൻഡക്സ് മാത്രം നോക്കിയാൽ പോരാ. അരയുടെ ചുറ്റളവ് കൂടാതെ അരയുടെയും പൊക്കത്തിന്റെയും അനുപാതം എന്നിവ പ്രധാന അളവുകോലാകും. സ്ത്രീകളിൽ 80 സെന്റീമീറ്റർ, പുരുഷന്മാരിൽ 90 സെന്റീമീറ്റർ എന്നതാണ് അരക്കെട്ടിന്റെ അനുയോജ്യമായ പരമാവധി ചുറ്റളവ്. ഈ പരിധി കടക്കുമ്പോൾ അമിതവണ്ണത്തിലേക്ക് നീങ്ങുന്നുവെന്ന് അനുമാനിക്കേണ്ടിവരും. അരയുടെയും പൊക്കത്തിന്റെയും അനുപാതം 0.5-ൽ അധികവുമാകരുത്. ബി.എം.ഐ. സാധാരണ നിലയിലാണെങ്കിലും അരവണ്ണം കൂടുതലാണെങ്കിൽ അമിതവണ്ണമെന്ന വിഭാഗത്തിൽ വരും. 2009 ബി. എം. എ മുതൽ മാത്രം അടിസ്ഥാനമാക്കിയാണ് അമിതവണ്ണം കണക്കാക്കിയുരുന്നത് .നാഷണൽ ഡയബറ്റിസ് ഒബസിറ്റി ആൻഡ് കൊളസ്ട്രോൾ ഫൗണ്ടേഷൻ, ഫോർട്ടിസ് സി.ഡി.ഒ.സി.ആസ്പത്രി, ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലെ വിദഗ്ധർ ചേർന്നാണ് അമിതവണ്ണ നിർണയത്തിന് പുതിയ അളവുകോലുകൾ നിശ്ചയിച്ചത്. വയറിനുചുറ്റും കൊഴുപ്പടിയുന്നത് ഇന്ത്യക്കാരിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നുവെന്ന തിരിച്ചറിവിലാണിത്. വയറിന് ചുറ്റുമുള്ള കൊഴുപ്പ് മറ്റിടങ്ങളിൽ അടിയുന്ന കൊഴുപ്പിനേക്കാളും ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. ഹൃദയധമനിരോഗങ്ങൾ, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, മുട്ടുവേദന, മദ്യപിക്കാത്തവരിലെ ഫാറ്റി ലിവർ, ഒബ്സട്രക്ടീവ് സ്ലീപ് അപ്നിയ എന്നിവയ്ക്കൊക്കെ അമിതവണ്ണം കാരണമാകുന്നു.