ആലപ്പുഴ ജില്ലയിൽ കുട്ടികളിൽ മുണ്ടിനീര് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. രോഗം വ്യാപനത്തെ തുടർന്ന് എരമല്ലൂർ എൻ.എസ്.എൽ.പി.എസ്, പെരുമ്പളം എൽ.പി.എസ് സ്കൂളുകൾ 21 ദിവസത്തേക്ക് അടച്ചിട്ടു. ഡിസംബറിൽ പുന്നപ്രയിലും സ്കൂൾ അടച്ചിരുന്നു. രണ്ട് മാസത്തിനുള്ളിൽ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ 65 കുട്ടികൾക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ദേശീയ പ്രതിരോധ കുത്തിവെപ്പ് പദ്ധതിപ്രകാരം കുറച്ചുവർഷങ്ങളായി മുണ്ടിനീരിന് വാക്സിൻ നൽകുന്നില്ല. എം.എം.ആർ വാക്സിന് പകരം ഇപ്പോൾ എം.ആർ വാക്സിനാണ് സർക്കാർ സംവിധാനം
വഴി നൽകുന്നത്. പ്രതിരോധ കുത്തിവെപ്പ് കിട്ടാത്തതാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് പലയിടത്തും കുട്ടികളിൽ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.