ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിനിടെ കല്ലേറ്, രണ്ടുപേര്‍ കൊല്ലപ്പെട്ടു… നിരവധിപ്പേര്‍ക്ക് പരിക്ക്

ഹൈദരാബാദ് : ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വ്യാപക സംഘര്‍ഷം. അനന്ദ്പൂരിലെ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കല്ലേറില്‍ കൊല്ലപ്പെട്ടു. ടിഡിപി പ്രവര്‍ത്തരും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ടിഡിപി പ്രവര്‍ത്തകനായ സിദ്ധഭാസ്‌കര്‍ റെഡ്ഡി, വൈ.എസ്.ആര്‍. പ്രവര്‍ത്തകന്‍ പുല്ല റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുണ്ടൂരില്‍ ഡി.ഡി.പി പോളിങ് ബൂത്ത് തകര്‍ത്തു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കടപ്പയിലെ പോളിംഗ് ബൂത്തുകളിലാണ് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അനുവാദമില്ലാത്ത ആളുകള്‍ പോളിംഗ് ബൂത്തില്‍ കയറിയെന്ന് വൈഎസ്ആര്‍കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു.

അനന്തപുരിലെ ഗൂട്ടിയില്‍ ജനസേന സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്ത വോട്ടിംഗ് യന്ത്രം എറിഞ്ഞുതകര്‍ത്തു. യന്ത്രത്തില്‍ തന്റെ പേര് ശരിയായല്ല രേഖപ്പെടുത്തിയത് എന്നാരോപിച്ചായിരുന്നു അതിക്രമം.

വെസ്റ്റ് ഗോദാവരിയില്‍ പോളിംഗ് ബൂത്ത് തകര്‍ത്തു. ഗുഡെം ചെറുവുവിലും സമാനമായ ഏറ്റുമുട്ടലുകളുണ്ടായി. ഗുണ്ടൂരിലെ വിനുകോണ്ടയില്‍ കേടായി വോട്ടിംഗ് യന്ത്രം വോട്ടര്‍മാര്‍ നശിപ്പിച്ചു. യന്ത്രം പണിമുടക്കിയതിനെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് തടഞ്ഞപ്പെട്ടിരുന്നു.

ആന്ധ്രയിലെ നരസരവോപേട്ടിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വോട്ടിംഗ്‌യന്ത്രം പണിമുടക്കി. പല ബൂത്തുകളിലും വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

ദേശീയ തലസ്ഥാനപ്രദേശമായ ഷാംലിയിലെ പോളിങ് സ്‌റ്റേഷനില്‍ തിരിച്ചറിയല്‍ രേഖയില്ലാതെ ചിലയാളുകള്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. പിന്നീട് വോട്ടെടുപ്പ് പുനരാരംഭിച്ചു.

ആന്ധ്രാപ്രദേശില്‍ ഒഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പത്ത് സംസ്ഥാനങ്ങളിലെ 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടിംഗ് നടക്കുന്നത്. ആന്ധ്രാപ്രദേശ്,ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പും ഇന്ന് നടക്കുന്നുണ്ട്.

ആന്ധ്രാപ്രദേശ്, സിക്കിം,അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഴുവന്‍ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഒഡീഷയിലെ 147 സീറ്റുകളില്‍ 28 മണ്ഡലങ്ങളില്‍ മാത്രമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സീറ്റുകളുടെ എണ്ണവും. ആന്ധ്രാപ്രദേശ്-25, അരുണാചല്‍ പ്രദേശ്-2, ആസാം-5,ബീഹാര്‍-4, ചത്തീസ്ഗഢ്-1, ജമ്മു കശ്മീര്‍-2,മഹാരാഷ്ട്ര-7, മണിപ്പൂര്‍-1,മേഘാലയ-2, മിസോറാം-1, നാഗാലാന്‍ഡ്-1,ഒഡീഷ-4, സിക്കീം-1,തെലങ്കാന-17,ത്രിപുര-1, ഉത്തര്‍പ്രദേശ്-8,ഉത്തരാഖണ്ഡ്-5,പശ്ചിമബംഗാള്‍-2. കേന്ദ്രഭരണപ്രദേശങ്ങള്‍- ആന്‍ഡമാന്‍-1, ലക്ഷദ്വീപ്-1. എന്നിങ്ങനെയാണ്.

LEAVE A REPLY