പനി ചികിത്സക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന പാരസെറ്റാമോൾ ഉൽപാദനത്തിന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. നിലവിൽ പാരസെറ്റമോളിനുള്ള പ്രധാന അസംസ്കൃത വസ്തുക്കൾ വിവിധ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിലൂടെ ഈ ആശ്രിതത്വം ഒഴിവാക്കാനാവുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി . ഡോ. അംബേദ്കർ ഇന്റർനാഷനൽ സെൻററിൽ ശാസ്ത്ര, വ്യവസായിക ഗവേഷണ വിഭാഗത്തിന്റെ സ്ഥാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കവെയാണ് മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ എടുത്തുപറയാവുന്ന നേട്ടങ്ങൾ നിരവധിയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു . നാഫിത്രോമൈസിൻ എന്ന ആന്റിബയോട്ടിക് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും ഹീമോഫീലിയ ചികിത്സയിൽ ജീൻ തെറപ്പിയുടെ ആദ്യപരീക്ഷണം വിജയകരമായി പൂർത്തീകരിക്കാനായതും അഭിമാനം അർഹിക്കുന്നതാണ്. സി.ഐ.എസ്.ഐ.ആർ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കർണാടക ആസ്ഥാനമായുള്ള സത്യദീപ്ത ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡാണ് വ്യവസായികമായി പാരസെറ്റാമോൾ ഉൽപാദിപ്പിക്കുക. മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും ഇതുപകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.