സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗത്തിനു മുന്നിൽ ആരും നിസ്സഹായരായി പോകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രോഗാതുരത കുറയ്ക്കുന്നതിന് ആയുർവേദ മേഖലയിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാഷണൽ സ്റ്റാറ്റിറ്റിക്സ് സർവേ പ്രകാരം പത്ത് വർഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചറിനേക്കാൾ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വിശദീകരിച്ചു.