ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ വീണ്ടും പടര്‍ന്നു പിടിക്കുകയാണ് ബ്ലീഡിങ് ഐ വൈറസ് എന്നറിയപ്പെടുന്ന മാബര്‍ഗ് വൈറസ്. ഈ വൈറസ് ബാധമൂലം റുവാണ്ടയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലൂടെയും അവയവ സ്തംഭനത്തിലൂടെയുമാണ് മാബര്‍ഗ് ജീവന്‍ കവരുന്നത്. വൈറസ് ഉള്ളിലെത്തി രണ്ട് മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന, പേശീ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാറുള്ളത്. അതിസാരം, വയര്‍വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ പ്രത്യക്ഷമാകും. ഒരാഴ്ച വരെ അതിസാരം നീണ്ടു നില്‍ക്കാം. കണ്ണുകള്‍ കുഴിഞ്ഞ്, മുഖത്ത് ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ് രോഗികളില്‍ ഉണ്ടാക്കാമെന്ന് പറയപ്പെടുന്നു. പഴം തീനി വവ്വാലുകളായ റോസെറ്റസില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയത്. ഈ വവ്വാലുകള്‍ തങ്ങുന്ന ഗുഹകളിലും ഖനികളിലും ദീര്‍ഘനേരം ചെലവിടുന്ന മനുഷ്യര്‍ക്ക് വൈറസ് വരാനുള്ള സാധ്യത അധികമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍, മുറിവുകള്‍ എന്നിവ വഴി വൈറസ് പകരാം. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍ എന്നിവയും വൈറസ് വ്യാപനത്തിന് കാരണമാകാം.