കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു ചൂണ്ടിക്കാട്ടുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. തിമിര ശസ്ത്രക്രിയക്ക് എത്തിയ 67-കാരിയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകളെന്നു റിപ്പോർട്ട്. തിമിര ശസ്ത്രക്രിയ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് യുകെ സ്വദേശിയായ വയോധികയുടെ കണ്‍പോളയ്ക്കുതാഴെ നീലനിറത്തില്‍ എന്തോ ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശദമായ പരിശോധന നടത്തി. കണ്ണിലെ സ്രവംകൊണ്ട് ഒട്ടിപ്പിടിച്ച നിലയില്‍ 17 ലെന്‍സുകളാണ് കണ്‍പോളയ്ക്കടിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് കണ്ണ് വിശദമായി മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് അതേ കണ്ണില്‍ നിന്ന് 10 കോണ്ടാക്റ്റ് ലെന്‍സുകള്‍ കൂടി കിട്ടിയത്. വയോധികയ്ക്ക് അനസ്‌തേഷ്യ നല്‍കിയശേഷം ഡോക്ടര്‍മാര്‍ ലെന്‍സുകള്‍ കണ്ണില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അണുബാധയ്ക്ക് സാധ്യതയുള്ളതിനാല്‍ തിമിര ശസ്ത്രക്രിയ രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. വയോധിക 35 വര്‍ഷമായി ഓരോ മാസവും മാറ്റുന്ന തരത്തിലെ കോണ്ടാക്റ്റ് ലെന്‍സാണ് ഉപയോഗിച്ചിരുന്നത്. ചില സമയങ്ങളില്‍ ലെന്‍സ് നീക്കം ചെയ്യാനായി നോക്കുമ്പോള്‍ അത് കണ്ണില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും നിലത്തുവീണതാണെന്ന് കരുതിയെന്നുമാണ് വയോധിക ഡോക്ടര്‍മാരോട് പറഞ്ഞത്.