വൈകല്യങ്ങളോടെ കുട്ടി ജനിച്ച സംഭവം, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ നവജാതശിശു വൈകല്യങ്ങളോടെ ജനിച്ച സംഭവത്തില്‍ ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കുനടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താന്‍ കഴിയാത്തത് ആണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അമ്മയ്ക്കുനടത്തിയ അനോമലി സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ താക്കീത് ചെയ്യേണ്ടതുണ്ട്. ചെറിയ ചില വൈകല്യങ്ങള്‍ സ്‌കാനിങ്ങില്‍ കണ്ടെത്താൻ സാധിക്കണം എന്നില്ല. ഫ്ളൂയിഡ് കൂടുതലാണെന്നും വൈകല്യങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കുഞ്ഞിന്റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യുന്നുണ്ട്.