എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പുറപ്പെട്ട് അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിൻറെ ആരോഗ്യത്തിൽ ആശങ്ക എന്ന് റിപ്പോർട്ട്. സുനിതയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇവരുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. ചിത്രങ്ങളിൽ സുനിതയെ വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നതെന്നും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഇനിയും മാസങ്ങൾ ബഹിരാകാശ നിലയത്തിൽ ചിലവഴിച്ച ശേഷമേ സുനിതക്ക് ഭൂമിയിലേക്ക് തിരികെ വരാനാകൂ. ഈ സാഹചര്യത്തിലാണ് സുനിതയുടെ ആരോഗ്യകാര്യത്തിൽ ആശങ്ക ഉയരുന്നത്.എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്.