സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങൾ അവ​ഗണിക്കുന്നതാണെന്ന് റിപ്പോർട്ട്

സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങൾ അവ​ഗണിക്കുന്നതാണെന്ന് റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് അവർ അവഗണിക്കുന്ന ലക്ഷണളെക്കുറിച്ച് യു.കെയിലെ വൈദ്യസംഘം ബോധവത്ക്കരണം നടത്തുന്നത്. ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നതിന് ദിവസങ്ങൾ മുമ്പേ തന്നെ സ്ത്രീകളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പൊതുവേ അവഗണിക്കുകയാണ് പതിവെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. അത്തരത്തിൽ ലക്ഷണങ്ങൾ അവഗണിക്കുമ്പോഴാണ് സ്ത്രീകൾക്ക് ജീവൻ തന്നെ വിലയായി കൊടുക്കേണ്ടി വരുന്നതും എന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. നോട്ടിങ്ഹാംഷയർലൈവ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. മിക്ക സ്ത്രീകളിലും ഹൃദയസ്തംഭനത്തിന്റെ മുന്നോടിയായി നെഞ്ചുവേദനയാണ് അനുഭവപ്പെടുന്നത്. നെഞ്ചെരിച്ചിൽ, ഉത്കണ്ഠ, തലചുറ്റൽ തുടങ്ങിയ ലക്ഷണങ്ങളും ഹൃദയസ്തംഭനത്തിനുമുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്നുണ്ട്. സ്ത്രീകളിൽ ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നതിനുമുമ്പായി തുടർച്ചയായി ദഹനക്കേട് ഉണ്ടാവുന്നതായി ആരോഗ്യസംബന്ധിയായ ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗവേഷണ ജേണലായ സർക്കുലേഷൻ റിപ്പോർട്ടുചെയ്യുന്നു. മുപ്പത്തിയൊമ്പത് ശതമാനം സ്ത്രീകളിൽ ഈ ലക്ഷണമാണ് ഹാർട്ട് അറ്റാക്കിനുമുന്നോടിയായി സംഭവിച്ചിരിക്കുന്നത്. മേൽവയറ്റിൽ അസഹ്യമായ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും നെഞ്ചിൻകൂടിനുപിറകിലായി അസഹനീയമായ വേദനയുണ്ടാവുകയും ചെയ്യുന്നുവെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിഗദ്ധർ മുന്നറിയിപ്പ് തരുന്നു. ഗുരുതരമായ ഇത്തരം ലക്ഷണങ്ങൾ സ്ത്രീകൾ അവഗണിക്കാതിക്കാൻ ലക്ഷ്യമിട്ടാണ് പഠനം ശ്രദ്ധ ക്ഷണിക്കുന്നത്.