70 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാര്‍ഡ് എടുത്തവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് പുറത്തായി

70 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാര്‍ഡ് എടുത്തവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നു പുറത്തായതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. നിലവില്‍ കാസ്പില്‍ ഉള്‍പ്പെട്ട് സൗജന്യചികിത്സ ലഭിക്കുന്നവരാണ് ആയുഷ്മാന്‍ഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജനയില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്തിന്റെ സൗജന്യ ചികിത്സയില്‍നിന്നു പുറത്തായത്. അതേസമയം കേന്ദ്രപദ്ധതിയില്‍ ഒരാള്‍ അംഗമായാല്‍ കാസ്പ് പദ്ധതിയില്‍നിന്ന് കുടുംബാംഗങ്ങളെല്ലാം പുറത്താകും. കേന്ദ്രപദ്ധതി സംസ്ഥാനത്തു തുടങ്ങിയാലേ ഇവര്‍ക്കിനി സൗജന്യ ചികിത്സാപദ്ധതിയില്‍ വീണ്ടും അംഗമാകാനാകൂ. കേന്ദ്രനിര്‍ദേശം കിട്ടാത്തതും സംസ്ഥാന വിഹിതത്തിനു പണമില്ലാത്തതുമാണ് പദ്ധതി തുടങ്ങാത്തതിനു കാരണം. അതുകൊണ്ടുതന്നെ കേന്ദ്രപദ്ധതിയുടെ രജിസ്ട്രേഷന്‍ ഇപ്പോള്‍ തുടങ്ങരുതെന്ന് സി.എസ്.സി. ഡിജിറ്റല്‍ സേവാ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവയ്ക്കു അധികൃതര്‍ നിര്‍ദേശം നല്‍കിരുന്നു. എന്നാല്‍ ചില കേന്ദ്രങ്ങളും സംഘടനകളും പദ്ധതിയില്‍ ആളെ ചേര്‍ക്കുകയും വയോവന്ദന കാര്‍ഡ് നല്‍കുകയും ചെയ്തു. ഇതോടെ നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സംസ്ഥാന പദ്ധതിയില്‍നിന്ന് പുറത്താവുകയും ഒപ്പം കേന്ദ്ര പദ്ധതി തുടങ്ങാത്തതിനാല്‍ സൗജന്യ സേവനങ്ങള്‍ ലഭിക്കാത്തതുമായ അവസ്ഥയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ എഴുപതുകഴിഞ്ഞവര്‍ കാസ്പില്‍ അംഗമാണ്. അവര്‍ക്കു പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയ്ക്കു തടസ്സമില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ കേന്ദ്രപദ്ധതിയില്‍ ചേരരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.