10 വയസുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാൽ ഞരമ്പ് മുറിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 10 വയസുകാരന് ഹെർണിയ ശസ്ത്രക്രിയയ്ക്ക് പകരം കാൽ ഞരമ്പ് മുറിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. 15 ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. കാസർകോട് സ്വദേശി ആദിനാഥിനാണ് ചികിത്സാപ്പിഴവ് സംഭവിച്ചത്. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്ന് കുടുംബം പരാതിപ്പെടുന്നു. അബദ്ധത്തിൽ ഞരമ്പ് മാറി മുറിച്ചെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറയുന്നു. കണ്ണൂരിലെ ചികിത്സ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് എത്തിയത് കഴിഞ്ഞ ദിവസമാണ്. കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ജില്ലാ ആശുപത്രിയിലേക്ക് എഐവൈഎഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തി. ഡോക്ടർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.