നിപയിൽ ആശ്വാസം. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 10 പേരുടെ നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. മരിച്ച യുവാവിന്റെ ഒപ്പം ആശുപത്രിയിൽ നിന്ന മാതാവ് ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്ന് പുതുതായി 11 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവരിൽ അഞ്ച് പേർ ഹൈറിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആകെ 266 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.