മലപ്പുറം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച 24-കാരൻ നാല് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായും സുഹൃത്തുകൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിരുന്നതായും ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽവെച്ച് തിങ്കളാഴ്ചയാണ് ബെംഗളൂരുവിൽ വിദ്യാർഥികൂടിയായ യുവാവ് മരിച്ചത്. പുണെ വൈറോളജി ലാബിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇന്നാണ് യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരണമുണ്ടായത്. ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ചു പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആർക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കിൽ തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ച് ജീവൻ രക്ഷിക്കുന്നതിനും പുതുതായി ആർക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. അതേസമയം മലപ്പുറത്തെ കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആളുകൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല, വ്യാപാര സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെ മാത്രമെ പ്രവർത്തിക്കാവൂ. സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കാൻ പാടില്ല, അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. എന്നാൽ മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളും മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർഥി