ശരീരത്തിന്റെ പലഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലധികം ശരീരഭാഗങ്ങളിൽ വേദന ഉണ്ടെങ്കിൽ അടിവയറിലെ വണ്ണം കുറയ്ക്കുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് കണ്ടുവരാറുണ്ടെന്നും ഗവേഷകർ പറയുന്നു. ഓസ്ട്രേലിയയിലെ ടാസ്മാനിയ, മൊണാഷ് സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. യു.കെ. ബയോബാങ്കിൽ നിന്ന് ശേഖരിച്ച 32,409 പേരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ അമ്പത്തിയൊന്ന് ശതമാനം പേർ സ്ത്രീകളായിരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം വേദന വരാനുള്ള സാധ്യത രണ്ടുമടങ്ങ് കൂടുതലാണെന്നും ഗവേഷകർ പറയുന്നു. സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയും കൊഴുപ്പടിയുന്ന രീതിയുമാവാം കൂടുതൽ ബാധിക്കാനുള്ള കാരണമെന്നും കരുതുന്നു.