വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ഒമ്പത് വയസ്സുകാരൻ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും റഫർ ചെയ്ത കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുവന്നത്. ശ്വാസകോശത്തിൽ ചെളി കയറിയ അവസ്ഥയിൽ എത്തിയ കുട്ടി അനേകം ദിവസങ്ങൾ വെന്റിലേറ്ററിലായിരുന്നു. കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നൽകിയ കോഴിക്കോട് ഐഎംസിഎച്ച് ടീമിനെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.