സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ 82 മരണം

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേരെന്ന് കണക്ക് . 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും കൂടുതൽപ്പേർ മരിച്ചത് കോഴിക്കോട് ജില്ലയിലാണ്, 18 പേർ. 80 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. പാലക്കാട് ജില്ലയിൽ 12 പേർ, മലപ്പുറത്ത് 10, തിരുവനന്തപുരത്തും തൃശ്ശൂരിലും ഒൻപതുപേർ വീതവും മരിച്ചു. എല്ലാ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 128 പേർക്കാണിവിടെ രോഗം ബാധിച്ചത്. ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് രോഗമുണ്ടാക്കുന്നത്. കെട്ടിക്കിടക്കുന്ന കുറച്ച് മലിനജലത്തിൽനിന്നുപോലും എലിപ്പനിവരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കുന്നു . രോഗലക്ഷണങ്ങൾ പ്രകടമാകുബോൾ സ്വയം ചികിത്സ നടത്താതെ വൈദ്യ സഹായം തേടണമെന്ന് -കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആർ.എം.ഒ.യുമായ ഡോ.ഇ. ഡാനിഷ് വ്യക്തമാക്കി. . എലിയാണ് പ്രധാനമായും രോഗമുണ്ടാക്കുന്നതെങ്കിലും കന്നുകാലികൾ, പന്നി, നായ, പൂച്ച എന്നിവ വഴിയും രോഗം പകരാം.