നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു

തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴയിൽ നേപ്പാളിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. തലസ്ഥാനമായ കഠ്‌മണ്ഡുവിൽ മാത്രം മരണസംഖ്യ 34 പിന്നിട്ടു. ഇതുവരെ മൂവായിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ പൊലീസ് അധികൃതർ വ്യക്തമാക്കി. വെള്ളപ്പൊക്കത്തെ തുടർന്ന് കഠ്‌മണ്ഡു നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.