മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം. മസ്തിഷ്കത്തിനുണ്ടാകുന്ന ചെറിയ പരിക്കുകളിൽ നിന്നുള്ള ക്ഷതങ്ങൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചുരുങ്ങിയ കാലം നീണ്ടുനിൽക്കുന്ന ക്ഷതമാണെങ്കിൽപ്പോലും മറവിരോഗത്തിലേക്ക് നയിക്കാമെന്ന് ഗവേഷകർ പറയുന്നു. യു.കെ.യിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. യു.കെ.യിലെ കേംബ്രിജ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. നാൽപതിനും അമ്പത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള 617 പേരുടെ എം.ആർ.ഐ. പരിശോധിച്ചാണ് വിലയിരുത്തൽ നടത്തിയത്. ഇവരിൽ അപകടങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്നും മസ്ഷ്കത്തിന് പരിക്കുകളേറ്റിട്ടുണ്ടോ എന്നും പരിശോധിച്ചു. തുടർന്നാണ് ഇതിൽ 36.1 ശതമാനം പേരിൽ ജീവിതത്തിലൊരിക്കലെങ്കിലും മസ്തിഷ്കത്തിന് ചെറിയ ആഘാതമെങ്കിലും ഉണ്ടാക്കുന്ന തരത്തിലുള്ള പരിക്കുകളുണ്ടായിട്ടുണ്ടെന്ന് മനസ്സിലായത്. ഇവരിൽ ആറുപേരിൽ ഒരാൾ എന്നനിലയിൽ മസ്തിഷ്കത്തിലെ ചെറിയ രക്തധമനികളിൽ തകരാറുണ്ടാകുന്നുവെന്നും ഗവേഷകർ കണ്ടെത്തി.