പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡർ കൂടുതലാണെന്ന് പഠനം. പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡറിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അസോസിയേറ്റ് പ്രൊഫസറായ ലോറ ക്യൂനിയുടെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്. പി.സി.ഒ.എസ്. ഉള്ളവരിൽ ബുളീമിയ നെർവോസ, ബിഞ്ച് ഈറ്റിങ് ഡിസോർഡർ പോലുള്ള ഈറ്റിങ് ഡിസോർഡറുകൾക്ക് സാധ്യത കൂടുതലാണെന്ന് ഗവേഷണത്തിൽ പറയുന്നു. പി.സി.ഒ.എസ്. ഉള്ള നിരവധി സ്ത്രീകൾ വണ്ണക്കൂടുതൽ മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അത് മാനസികാവസ്ഥയെ തളർത്തുകയും ഈറ്റിങ് ഡിസോർഡറിലേക്ക് നയിക്കുന്നതായും പഠനത്തിൽ പറയുന്നു. ഒമ്പതു രാജ്യങ്ങളിൽ നിന്നായി ശേഖരിച്ച ഇരുപതോളം പഠനങ്ങളെ കേന്ദ്രീകരിച്ചാണ് ലോറയും സംഘവും ഗവേഷണം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തിൽ പി.സി.ഒ.എസ്. രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്ക് ജീവിതരീതിയിൽ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ചികിത്സാരീതി നിർദേശിക്കും മുമ്പ് ഈറ്റിങ് ഡിസോർഡറുണ്ടോ എന്നതുകൂടി കണക്കിലെടുക്കണമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.