അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായാണ് ഐ.സി.എം.ആർ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയവയുമായി ചേർന്ന് ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച ശില്പശാലയിൽ മന്ത്രി വ്യക്തമാക്കി. അമീബയുടെ വളർച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠനം നടത്തി ഏകാരോഗ്യ സമീപനത്തിലൂന്നിയ കർമപരിപാടി രൂപവത്കരിക്കും. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങൾ വിലയിരുത്തും. ഒരേ ജലസ്രോതസ്സ് ഉപയോഗിച്ചവരിൽ ചിലർക്കുമാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ.സി.എം.ആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടെയും സഹായത്തോടെ ഒരു കേസ് കൺട്രോൾ പഠനം നടത്താനും തീരുമാനിച്ചു. കേരള സർവകലാശാല എൻവയൺമെന്റ് എൻജിനിയറിങ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്നാണ് ശില്പശാലയിൽ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.