സാങ്കേതികരംഗത്തെ വിപ്ലവകരമായ പലമാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മില്ലേനിയൽസ്, ജെൻസി തലമുറകളിൽ കാൻസർ സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കൻ കാൻസർ സൊസൈറ്റിയിലെയും കാൽഗറി സർവകലാശാലയിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 1981 മുതൽ 1996 വരെയുള്ള കാലയളവിൽ ജനിച്ചവരാണ് മില്ലേനിയൽസ് വിഭാഗത്തിൽപ്പെടുന്നത്. അതായത് നിലവിൽ ഇരുപത്തിയാറ് മുതൽ നാൽപത്തിയൊന്നു വരെ പ്രായമുള്ളവർ. 1997 മുതൽ 2012 വരെ കാലയളവിൽ ജനിച്ചവരാണ് ജെൻസികൾ. അതായത് 12 മുതൽ 27 വയസ്സുവരെ പ്രായമുള്ളവർ. ഓഗസ്റ്റ് ഒന്നിന് അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് മില്ലേനിയൽസ്, ജെൻസി വിഭാഗത്തിനിടയിൽ കാൻസർ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പതിനേഴുതരത്തിലുള്ള കാൻസറുകൾ ഈ തലമുറകൾക്കിടയിൽ കൂടുതലാണെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോളറെക്റ്റം, ഗാൾബ്ലാഡർ, കിഡ്നി, പാൻക്രിയാസ്, ലുക്കീമിയ, ഓവറി, ലിവർ തുടങ്ങിയ പതിനേഴിനം കാൻസറുകളാണ് കൂടുതലായി കണ്ടെത്തിയത്. ചെറുപ്പത്തിലേ കാൻസറിന് കാരണമാകുന്ന വസ്തുക്കളുമായുള്ള അടുത്തിടപഴകലാണ് അമ്പതുവയസ്സും അതിനുതാഴെയും പ്രായമുള്ളവരിൽ അർബുദം സ്ഥിരീകരിക്കുന്നതിന് പിന്നിലെന്ന് ഗവേഷകർ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ഡേറ്റയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. എന്നാൽ ഇന്ത്യയുടെ കാര്യത്തിലും കണക്കുകൾ വ്യത്യസ്തമല്ലെന്നാണ് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുപ്പത്തിയൊന്നിനും നാൽപതിനും ഇടയിൽ പ്രായമുള്ളവരിൽ മലാശയ അർബുദം കൂടുതലാണെന്ന് പ്രസ്തുത റിപ്പോർട്ടിൽ പറയുന്നുണ്ട്. പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സ്ത്രീകളിൽ സ്തനാർബുദവും കൂടുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഓരോരുത്തരുടേയും പ്രായവും കാൻസർ സ്ഥിരീകരണവും മരണനിരക്കുമൊക്കെയാണ് പരിശോധിച്ചത്. ജീവിതരീതിയിലുണ്ടായ മാറ്റവും അന്തരീക്ഷമലിനീകരണവുമൊക്കെ ഈ തലമുറകൾക്കിടയിൽ കാൻസർ നിരക്ക് കൂട്ടാനിടയായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ഭക്ഷണരീതി ആരോഗ്യകരമാക്കുക, കാൻസർ സ്ക്രീനിങ്ങുകൾ പതിവാക്കുക, വ്യായാമം ശീലമാക്കുക, ദുശ്ശീലങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയവയിലൂടെ പലയിനം കാൻസറുകളേയും പ്രതിരോധിക്കാമെന്നും ഗവേഷകർ പറയുന്നുണ്ട്.