ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി യൂബര്‍

ന്യൂഡല്‍ഹി : ഡ്രൈവര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍.സഹയാത്രികരുമായോ ഡ്രൈവറുമായോ കൊച്ചുവര്‍ത്തമാനം വേണ്ട. ഇത്തരത്തില്‍ ഇടപഴകുന്നത് യൂബര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്താക്കപ്പെടാന്‍ കാരണമായേക്കുമെന്ന് ഉപഭോക്താക്കള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശത്തില്‍ യൂബര്‍ വ്യക്തമാക്കുന്നു. പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ഡ്രൈവര്‍മാര്‍ക്കും ഇതുസംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ഏതെങ്കിലുമൊന്ന് തെറ്റുകയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുംചെയ്താല്‍ കമ്പനി ഇതുസംബന്ധിച്ച അന്വേഷണം നടത്തും. വീണ്ടും ഇത് ആവര്‍ത്തിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ നടപടി നേരിടേണ്ടി വരും.
യാത്രയ്ക്കിടയിലോ യാത്രയ്ക്ക് ശേഷമോ ഡ്രൈവറുമായോ സഹയാത്രികരുമായോ ഒരു സാഹചര്യത്തിലും അടുത്തിടപഴകുകയോ ലൈംഗീക ബന്ധത്തിന് മുതിരുകയോ അരുത്. ഇത്തരക്കാരെ ഉപയോഗത്തില്‍ നിന്നും വിലക്കാനാണ് യൂബര്‍ തീരുമാനം. മദ്യപിച്ച് കാറില്‍ ഛര്‍ദ്ദിക്കുന്നതും നിരോധിച്ചിട്ടുണ്ട്. സഹയാത്രികരെ സ്പര്‍ശിക്കാനോ കൊച്ചുവര്‍ത്തമാനം പറയാനോ പാടില്ല. വ്യക്തിപരമായ കാര്യങ്ങള്‍ കുത്തിക്കുത്തി ചോദിക്കുന്നവര്‍ക്കും വിലക്ക് നേരിടേണ്ടി വന്നേക്കും. യൂബര്‍ ഉപഭോക്താക്കളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ഇത്തരമൊരു മാര്‍ഗ്ഗ നിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.

LEAVE A REPLY