രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിനുശേഷം ഈ ചികിത്സ സർക്കാർതലത്തിൽ ആരംഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കാൻസർ ചികിത്സാകേന്ദ്രമാണ് എം.സി.സി. ഹെമറ്റോളജിവിഭാഗം മേധാവി ഡോ. ചന്ദ്രൻ കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നടത്തിയത്. ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട ഏക കാർ-ടി സെൽ കമ്പനിയായ ഇമ്യുണോ ആക്ട് വഴിയാണ് കോശങ്ങൾ ഉത്പാദിപ്പിച്ചെടുത്തത്. സാധാരണ നിലയിൽ 50 ലക്ഷത്തോളം രൂപ വരുന്ന ജനിതക പരിഷ്കരണമാണ് ‘പേഷ്യന്റ് അസിസ്റ്റൻസ് പ്രോഗ്രം’ വഴി 30 ലക്ഷം രൂപക്ക് ലഭ്യമാക്കിയത്. കാൻസർ കോശങ്ങളെ നേരിടാൻ പ്രതിരോധ കോശങ്ങളെ ഒരുക്കിയെടുക്കുന്ന അതിനൂതന സാേങ്കതികവിദ്യയാണിത്. ട്യൂമറിനെതിരായ ടാർഗെറ്റഡ് തെറാപ്പികളിൽ ഒന്നാണിത്.