പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം

പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ. കാൻസർ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 മുതലുള്ള ഡേറ്റ പരിശോധിച്ചാണ് ​ഗവേഷകർ വിലയിരുത്തലിലെത്തിയത്. 185 രാജ്യങ്ങളിൽ നിന്നുള്ള 30 തരം കാൻസറിനേക്കുറിച്ചും അതുമൂലമുള്ള മരണത്തേക്കുറിച്ചുമാണ് പഠനം നടത്തിയത്. കുറഞ്ഞ വരുമാനമുള്ള, ആയുർദൈർഘ്യം കുറഞ്ഞ രാജ്യങ്ങളിലെ പുരുഷന്മാരിലാണ് ഇത് കൂടുതൽ പ്രകടമാവുകയെന്നും പഠനത്തിലുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിൽ കാൻസർ നിരക്കും മരണങ്ങളും കൂടുന്നതിനുപിന്നിലെ കാരണവും ​ഗവേഷകർ പറയുന്നുണ്ട്. പുകവലി, മദ്യപാനം, തൊഴിലിടങ്ങളിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങളുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് പ്രധാനകാരണങ്ങൾ. പുരുഷന്മാർ കാൻസർ സ്ക്രീനിങ് പ്രോ​ഗ്രാമുകൾക്ക് മുതിരാൻ മടിക്കുന്നതും മരണങ്ങൾ കൂടുന്നതിന്റെ പ്രധാനകാരണമാണെന്ന് ​ഗവേഷകർ പറയുന്നു.