വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്

വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും രണ്ടുമാസത്തെ ബോധവത്കരണ പരിപാടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. മഴ കാലം വയറിളക്ക രോഗങ്ങളുടെ സാധ്യത കൂട്ടുന്ന കാലമായതിനാൽ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങൾ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളിൽ തടയാൻ ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ സാധിക്കുന്നതാണ്. വയറിളക്കമോ ഛർദിലോ നിന്നില്ലെങ്കിൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്റേയും ഒ.ആർ.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് ഓൺലൈൻ വഴി നിർവഹിച്ചു. വയറിളക്കത്തെ തുടർന്നുള്ള നിർജലീകരണം മൂലമുള്ള മരണങ്ങൾ തടയുന്നതിനും രോഗം പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ 2024 സംഘടിപ്പിക്കുന്നത്. ഒ.ആർ.എസിന്റെയും സിങ്കിന്റെയും കവറേജ് 2029-ഓടുകൂടി 90 ശതമാനമായി വർദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.