ഹീമോഫീലിയ ചികിത്സയിൽ വിപ്ലവകരമായ തീരുമാനവുമായി കേരളം. ഹീമോഫീലിയ ചികിത്സയിൽ ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഏകദേശം 300 ഓളം കുട്ടികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്‌സിസ് പ്രതിരോധ ചികിത്സ 2021 മുതൽ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ പ്രൊഫിലാക്‌സിസ് ചികിത്സ ഇത്രയധികം രോഗികൾക്ക് നൽകുന്നതും ഇന്ത്യയിൽ ആദ്യമായാണ്. ‘ഹീമോഫിലിയ രോഗികൾക്ക് രക്തസ്രാവവും അംഗവൈകല്യങ്ങളും ഇല്ലാത്ത ജീവിതമുറപ്പുവരുത്തുക’ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് വിപ്ലവകരമായ ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ ഹീമോഫിലിയ രോഗബാധിതരായ ഏകദേശം 2000-ത്തോളം പേരാണ് ആശധാര പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.