ഗുജറാത്തിൽ കുട്ടികൾക്കിടയിൽ ചാന്ദിപുര വൈറസ് വ്യാപനം തുടരുന്നു. ഞായറാഴ്ച വരെയുള്ള കണക്കുകൾപ്രകാരം അമ്പത്തിമൂന്ന് കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്. രോഗലക്ഷണങ്ങളോടെ 137 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 47 പേരുടെ റിസൽട്ട് പോസിറ്റീവാണ്. പഞ്ച്മഹൽ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. രോഗപ്രതിരോധം ശക്തമാക്കാൻ ആരോഗ്യവകുപ്പ് കടുത്ത നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളിൽ സർവേയെടുക്കുകയും 1.2ലക്ഷം വീടുകൾ അണുവിമുക്തമാക്കുകയും ചെയ്തു. അതിനിടെ രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തു. ദുംഗർപൂരിൽ ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. റാബ്ഡോവിറിഡേ വിഭാഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതുമാസം മുതൽ പതിനാല് വയസ്സുവരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ഈ രോഗം ബാധിക്കുന്നത്. കൊതുകുജന്യരോഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.