ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റര്

ഒറ്റപ്പാലത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റര്. വളാഞ്ചേരി-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന നിനു സ്റ്റാർ ബസിലെ ബസ് ഡ്രൈവർ മനാഫ്, കണ്ടക്ടർ ഷറഫുദ്ദീൻ, അഭിനവ് എന്നിവരുടെ അവസരോചിത ഇടപെടലാണ് 23 കാരനായ മണികണ്ഠന്റെ ജീവന് രക്ഷയായത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് സംഭവം. വളാഞ്ചേരിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസിൽ പട്ടാമ്പിയിൽ നിന്ന് വാണിയംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവാവ്. ഇതിനിടെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട യുവാവ് ഓങ്ങല്ലൂരിൽ വെച്ച് ബസിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, ബോധമില്ലാതായ യുവാവുമായി ബസ് 16 കിലോമീറ്ററോളം ദൂരം, വേഗത്തിൽ സഞ്ചരിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു. യാത്രക്കാരുടെ സമ്മതത്തോടെ ബസ് എവിടെയും നിർത്താതെയായിരുന്നു ആശുപത്രി ലക്ഷ്യമാക്കിയുള്ള പാച്ചിൽ നടത്തിയത്. ആശുപത്രിയിൽ എത്തിച്ച യുവാവിനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.