ആന ഇടഞ്ഞ സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ആരോഗ്യ വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാജോര്‍ജ് ഇതില്‍ ഇടപെടുമെന്നും റിയാസ് ചൂണ്ടിക്കാട്ടി. പരിക്കേറ്റവര്‍ക്ക് നല്ല ചികിത്സ നല്‍കുകയെന്ന ഉത്തരവാദിത്ത്വമാണ് എല്ലാവരും ചേര്‍ന്ന് ചെയ്യുന്നത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കുന്നുണ്ട്. ഗുരുതര പരിക്കുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു. പോലിസുമായും വൊളന്ററി വര്‍ക്ക് ചെയ്യുന്നവരുമായി സംസാരിച്ചു എന്നും മന്ത്രി വ്യക്തമാക്കി. ഈ സംഭവത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. കെട്ടിടം തകര്‍ന്നുവീണ് അതിനടിയില്‍ പെട്ടും നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.