പ്രസവാനന്തര വിഷാദ രോഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം മന്ദിര ബേദി. ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു എന്നും മന്ദിര പറയുന്നു. മകനെ പ്രസവിച്ച ശേഷം ആദ്യ ദിവസങ്ങളിലൊന്നും അവനോട് അടുപ്പം തോന്നിയിരുന്നില്ലെന്നും സമയമെടുത്താണ് മകനുമായി ആത്മബന്ധം ഉടലെടുത്തതെന്നും മന്ദിര പറയുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക് പേജിലൂടെയാണ് മന്ദിര ഇതേക്കുറിച്ച് പങ്കുവച്ചത്. വീട്ടിലേയ്ക്ക് വന്നപ്പോൾ മുതൽ താൻ കരയുകയായിരുന്നു. ഡോക്ടർമാർ അത് ഹോർമോൺ അസന്തുലിതാവസ്ഥ മൂലമാണെന്നാണ് പറഞ്ഞത്. പ്രസവശേഷം വണ്ണം വച്ചതും നെഗറ്റീവ് ചിന്തകൾ വർധിപ്പിച്ച് വിഷാദത്തിലേയ്ക്ക് വഴിവച്ചുവെന്നും താരം പറയുന്നു. എന്നാൽ പോസ്റ്റ്പാർട്ടത്തിലൂടെ കടന്നുപോയ കാലത്ത് ഭർത്താവ് നൽകിയ പിന്തുണ വാക്കുക്കൾക്കതീതമാണെന്നും മന്ദിര പറയുന്നു. പ്രസവം കഴിഞ്ഞ് നാൽപത് ദിവസം കഴിഞ്ഞതിന് ശേഷമാണ് വ്യായാമം ആരംഭിച്ചത്. ഇത് തന്റെ മാനസികസമ്മർദങ്ങളെ അതിജീവിക്കാൻ സഹായിച്ചുവെന്നും മന്ദിര കൂട്ടിച്ചേർത്തു.