കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്

കടുത്ത കാഴ്ച തകരാറുകൾ ആത്മഹത്യ ചിന്തകൾ വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ് വർക്ക് ഓപ്പണിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീവ്രമായ കാഴ്ച തകരാറുകൾ വ്യക്തികളുടെ ജീവിതനിലവാരവും ശാരീരിക പ്രവർത്തനങ്ങളും സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യാനുള്ള കഴിവും കുറയ്ക്കാറുണ്ട്. ഇതവരെ സാമൂഹിക ഒറ്റപ്പെടലിലേക്കും സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാം. താൻ മറ്റുള്ളവർക്കൊരു ബാധ്യതയാണെന്ന ചിന്ത രോഗികൾക്കുണ്ടാക്കാനും ഇത് കാരണമാകാം. ഇവയെല്ലാം ആത്മഹത്യ പ്രവണത രോഗികളിൽ ഉണ്ടാക്കാമെന്ന് പഠനറിപ്പോർട്ട് പറയുന്നു. കൊറിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 56 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. കാഴ്ച തകരാറുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രവണത കൗമാരക്കാരിൽ അധികമാണെന്നും ഗവേഷണ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കാഴ്ച തകരാറുകളുള്ള യുവാക്കളെ ചികിത്സിക്കുന്ന നേത്രരോഗവിദഗ്ധർ അവരുടെ ആത്മഹത്യ സാധ്യതകളും പരിഗണിച്ച് മാനസികമായ പിന്തുണ കൂടി ഇവർക്ക് നൽകേണ്ടതാണെന്ന് പഠനം നിർദ്ദേശിക്കുന്നു.