കാലാവസ്ഥ വ്യതിയാനം തലച്ചോറിന്റെ ആരോഗ്യത്തിന് ഭീഷണി എന്ന് പഠന റിപ്പോർട്ട്. തലച്ചോറും നാഡീവ്യൂഹവ്യവസ്ഥയുമായി ബന്ധപ്പെട്ട പക്ഷാഘാതം, മൈഗ്രേയ്‌ൻ, അൾസ്‌ഹൈമേഴ്‌സ്, മെനിഞ്ചൈറ്റിസ്, ചുഴലി, മൾട്ടിപ്പിൾ സ്‌ക്‌ളീറോസിസ് എന്നിവ ഉൾപ്പെടെ 19 നാഡീവ്യൂഹ പ്രശ്‌നങ്ങളിൽ കാലാവസ്ഥ വ്യതിയാനം പ്രതികൂല സ്വാധീനം ചെലുത്തുമെന്നും പഠനം പറയുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഉത്‌കണ്‌ഠ, വിഷാദരോഗം, ചിത്തഭ്രമം തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങളിലും കാലാവസ്ഥയുണ്ടാക്കുന്ന മാറ്റങ്ങൾ ഗവേഷകർ വിലയിരുത്തി. കൂടിയ ചൂടും കുറഞ്ഞ ചൂടും, തീവ്രമായ കാലാവസ്ഥകളും പ്രതിദിന താപനിലയിലെ വ്യതിയാനങ്ങളും നാഡീവ്യൂഹ പ്രശ്‌നങ്ങളുള്ളവർക്ക് നല്ലതല്ലെന്ന് ഗവേഷകർ പറയുന്നു. രാത്രികാലങ്ങളിലെ ഉയർന്ന താപനില ഉറക്കം തടസ്സപ്പെടുത്തുന്നത് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വഷളാക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉഷ്‌ണതരംഗങ്ങളുടെയും ഉയർന്ന താപനിലയുടെയും സമയത്ത് പക്ഷാഘാതം മൂലമുള്ള ആശുപത്രി പ്രവേശനവും ഇത് മൂലമുള്ള വൈകല്യവും, മരണങ്ങളും ഉയർത്തുന്നതായും ഗവേഷകർ കണ്ടെത്തി. ദ ലാൻസെറ്റ് ന്യൂറോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.