ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്റര്‍, യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍, ന്യൂയോര്‍ക്കിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 280 ആരോഗ്യമുള്ള മുതിര്‍ന്നവരിലാണ് പഠനം നടത്തിയത്. ദേഷ്യം വന്നവരില്‍ രക്തക്കുഴലില്‍ കാര്യമായ മാറ്റം വന്നതായി ഗവേഷകര്‍ കണ്ടെത്തിയെന്നും പഠത്തില്‍ പറയുന്നു. അമിത ദേഷ്യം കാര്‍ഡിയോവാസ്‌കുലര്‍ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മനഃശാസ്ത്രപരമായ അവസ്ഥകളും ഹൃദയാരോഗ്യവും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കുന്നുവെന്നും ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിനില്‍ നിന്നുള്ള ഗ്ലെന്‍ ലെവിന്‍ വ്യക്തമാക്കി.