സിംഗപ്പൂരിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് കോവിഡ് കേസുകളുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞയാഴ്ച 25,900 കേസുകൾ റിപ്പോർട്ട് ചെയ്തു. തൊട്ടുമുമ്പത്തെ ആഴ്ച 13,700 കേസുകളാണ് ഉണ്ടായിരുന്നത്. ഓരോ ദിവസവും കേസുകൾ വർധിച്ചുവരുന്നുണ്ട്. ജൂണിൽ ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ കൊവിഡ് വകഭേദത്തിന്റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ വ്യക്തമാക്കി. കൊവിഡ് കേസുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന്, അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾ നീട്ടിവയ്ക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. പരമാവധി രോഗികളെ കെയർ സെന്ററുകളിലേക്കു മാറ്റും. 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്‌സിൻ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കാൻ മറക്കരുതെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു.