കോവിഡ് 19; വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം

ആലപ്പുഴ: കോവിഡ് രോഗം ബാധിച്ച് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ വളരെ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഐസൊലേഷനില്‍ കഴിയുന്നവര്‍ വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റാരും കൈകാര്യം ചെയ്യരുത്. രോഗിക്ക് എന്തെങ്കിലും സഹായം നല്‍കേണ്ട സാഹചര്യങ്ങളില്‍ രോഗിയും സഹായിയും ശരിയായി മാസ്‌ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യണം.

ദിവസവും മുറി വൃത്തിയാക്കണം. കൈകാര്യം ചെയ്യുന്ന വസ്തുക്കളില്‍ അണുനശീകരണം നടത്തണം. തുണി ശുചിമുറിയില്‍ തന്നെ സ്വയം കഴുകുക. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ സ്വയം കഴുകി ഉപയോഗിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മുടക്കരുത്. വീട്ടിലെ അംഗങ്ങള്‍ കോവിഡ് വാക്സിനേഷന്‍ നടത്തിയവരാണെങ്കിലും രോഗിയുമായി സമ്പര്‍ക്കത്തിലാവാതെ ജാഗ്രത കാട്ടണം. രോഗി കൃത്യസമയത്ത് ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം. നല്‍കിയിട്ടുള്ള മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായി കഴിക്കുക.
മുറിക്കുള്ളില്‍ കഴിയുമ്പോള്‍ മനസ് ശാന്തമായി സൂക്ഷിക്കുക. ഫോണിലൂടെ ബന്ധുക്കല്‍ സുഹൃത്തുക്കള്‍ എന്നിവരോട് സംസാരിക്കുക.നിരീക്ഷിക്കണം

രക്തത്തിലെ ഓക്സിജന്‍ അളവും ഹൃദയമിടിപ്പും

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ഓക്സിജന്‍ സാച്ചുറേഷന്‍ റീഡിങ്ങ് 94% ല്‍ കുറവോ ഹൃദയമിടിപ്പ് ഒരു മിനിട്ടില്‍ 90 ല്‍ കൂടുതലോ ആണെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം. നെഞ്ചുവേദന, മയക്കം, കഫത്തിലും മൂക്കിലും നിന്നുള്ള സ്രവത്തിലും രക്തം, അതിയായ ക്ഷീണം, കിതപ്പ്, ശ്വാസതടസം എന്നിവയുണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച ശേഷം ആശുപത്രിയിലേക്ക് പോകുന്നതിന് തയാറാകണം.

LEAVE A REPLY