കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് മെയ് 4 രാവിലെ 05.30 മുതല്‍ മെയ് 5 രാത്രി 11.30 വരെ അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 5 രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു. കേരളത്തിന് പുറമേ, തെക്കന്‍ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് നിലനില്‍ക്കുകയാണ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. അടിയന്തരസാഹചര്യമുണ്ടായാല്‍ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കോസ്റ്റല്‍ പോലീസ് വിഭാഗം ഐജി, എഐജി, തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.