ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച പഠനം നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ഗവേഷകർ. അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നീ ഘടകങ്ങൾ പലവിധം കാൻസർ കേസുകളും വർധിപ്പിക്കുന്നു എന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഈ ഘടകങ്ങൾ പിത്താശയം, വൃക്ക, കുടൽ, പാൻക്രിയാസ് തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന അർബുദങ്ങളുടെ സാധ്യത കൂട്ടുകയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കഴിഞ്ഞ മുപ്പതുവർഷത്തിനിടെ നേരത്തേയെത്തുന്ന അർബുദനിരക്കുകളുടെ എണ്ണം കൂടുകയാണെന്നും നാൽപതും അമ്പതും ആകുന്നതിനുമുമ്പേ തന്നെ പലരും അർബുദ ബാധിതരാകുന്നുവെന്നും ഗവേഷകർ പറയുന്നു. 1991-നും 2021-നും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത്. സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അർബുദ സാധ്യതയും മരണനിരക്കും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നതെന്നും ഗവേഷകസംഘം വ്യക്തമാക്കുന്നു.