അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകും; ആരോഗ്യ മന്ത്രി

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. മറ്റ് വിദേശ രാജ്യങ്ങളിലുൾപ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ബോധവത്കരണം ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി. മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ അഞ്ച് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. മേയ് ഒന്നാം തീയതി ഈ കുട്ടി ബന്ധുക്കളോടൊപ്പം വീടിന് സമീപത്തെ പുഴയിൽ കുളിച്ചിരുന്നു. കുട്ടിയോടൊപ്പം പുഴയിൽ കുളിച്ച ബന്ധുക്കൾ നിരീക്ഷണത്തിലാണ്.