രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു

രാജ്യത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു. എറണാകുളം റൂറൽ എസ്.പി. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ ആലുവ ഡിവൈ.എസ്.പി. ‌എ. പ്രസാദ്, നെടുമ്പാശ്ശേരി എസ്.എച്ച്.ഒ. അരുൺ കെ.ബി. എന്നിവരടങ്ങുന്ന സംഘമാകും കേസ് അന്വേഷിക്കുക. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മെഡിക്കൽ ബോർഡ് രൂപവത്‌കരിക്കാനും തീരുമാനിച്ചു. ഇരകൾക്ക് ഏതൊക്കെ അവയവങ്ങൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്തുന്നതിനാണ് മെഡിക്കൽ ബോർഡ് രൂപവത്‌കരിക്കുന്നത്. അതിനിടെ അറസ്റ്റിലായ തൃശ്ശൂർ സ്വദേശി സാബിത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം സാബിത്ത് നടത്തിയ അവയവക്കച്ചവടത്തിൽ ആരൊക്കെ ഗുണഭോക്താക്കളായെന്ന കാര്യം വിശദമായി അന്വേഷിക്കും എന്ന് റിപോർട്ടുകൾ. അവയവം നൽകിയതു കൂടാതെ ഇത് സ്വീകരിച്ചവരിലും മലയാളികളടക്കമുള്ള ഇന്ത്യക്കാരുണ്ടോ എന്നും പരിശോധിക്കും. ഇറാനിലെ ഒരു ആശുപത്രിയിൽ തന്നെയാണ് ഇവരെല്ലാം ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അവയവ കൈമാറ്റം സംബന്ധിച്ച് ഇന്ത്യയിലെ നിയമങ്ങൾ കർശനമാണെന്നതിനാൽ ഇവിടെ നിന്നുള്ളവരും ഗുണഭോക്താക്കളായിട്ടുണ്ടെന്നാണ് സൂചന. 2019-ൽ സ്വന്തം വൃക്ക വിറ്റതോടെ ഈ മേഖലയിലെ സാധ്യത മനസ്സിലാക്കിയ സാബിത്ത് പിന്നീട് അവയവ റാക്കറ്റിന്റെ ഭാഗമാകുകയായിരുന്നു. സാബിത്തിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.