ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം

ചെറുപ്പക്കാരായ സ്ത്രീകളിൽ സ്തനാർബുദലക്ഷണങ്ങൾ കണ്ടിട്ടും സ്വയം ചികിത്സ നിഷേദിക്കുന്നുവെന്ന് പഠനം. കാനഡയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അർബുദങ്ങളുടെ കാര്യത്തിൽ പല ശാരീരിക ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. എന്നാൽ ലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നവരാണ് കൂടുതലും എന്ന് പഠനം പറയുന്നു. സ്തനാർബുദത്തിന് മുൻപ് സ്തനത്തിൽ വീക്കമോ, മറ്റ് അസ്വാഭാവികതകളോ കണ്ടാലും മാസങ്ങൾ കഴിഞ്ഞാണ് പല സ്ത്രീകളും വിദഗ്ധ പരിശോധനയ്ക്ക് വിദേയരാകുന്നത്. ഇത് അപകടകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ കാൽഗറി സർവകലാശാലയിലെ ഡോക്ടറായ Catherine Fleshner വ്യക്തമാക്കുന്നു. സ്തനാർബുദ സ്‌ക്രീനിങ്ങുകളോ, മാമോഗ്രാഫികളോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവരിൽ യുവതികളാണ് കൂടുതലും. അതിനാൽ തന്നെ പ്രായമായവരെ അപേക്ഷിച്ച് യുവതികളിൽ സ്തനാർബുദം വൈകിയ സ്റ്റേജിലാണ് സ്ഥിരീകരിക്കപ്പെടുന്നതെന്നും കാതറീൻ ഫ്‌ലെഷ്‌നർ പറയുന്നു. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ, 1,148 യുവതികളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. റൂബി പ്രൊജെക്റ്റ് അഥവാ യുവതികളിലെ സ്തനാർബുദം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പഠനം നടത്തിയത്.