ടൈപ്പ് 1 പ്രമേഹബാധിതർക്കായി കൃത്രിമ പാൻക്രിയാസ് പുറത്തിറക്കി യുകെ. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ആണ് ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടർച്ചയായി ഈ സിസ്റ്റം ട്രാക്ക് ചെയ്യും. ഈ കൃത്രിമ പാൻക്രിയാസ് ഒരു പമ്പ് വഴി രക്തപ്രവാഹത്തിലേക്ക് ഇൻസുലിന്റെ വിതരണം ആവശ്യാനുസരണം ക്രമീകരിച്ചു കൊണ്ടിരിക്കും. ഈ ഉപകരണം ഘടിപ്പിക്കുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിക്കേണ്ടി വരില്ല. ഇൻസുലിൻ കുത്തിവയ്പ്പുകൾ ഓരോ തവണയും എടുക്കേണ്ടതുമില്ല. ഈ കൃത്രിമ പാൻക്രിയാസിന്റെ ഭാഗമായ സെൻസറിലേക്ക് വയർലെസ്സായി ഒരു സ്മാർട്ട്‌ഫോൺ ആപ്പും ഘടിപ്പിക്കാവുന്നതാണ്. റീഡിങ്ങിന് അനുസരിച്ച് ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ തോതിൽ വ്യത്യാസം വരുത്താനും ഈ ആപ്പ് സഹായിക്കും. ടൈപ്പ് 1 പ്രമേഹ ബാധിതരുടെ ജീവിതശൈലി മെച്ചപ്പെടുത്താൻ ഈ കൃത്രിമ പാൻക്രിയാസ് സഹായിക്കുമെന്ന് നാഷണൽ ക്ലിനിക്കൽ ഡയറക്ടർ ഫോർ ഡയബറ്റീസ് ഡോ. ക്ലെയർ ഹാംബ്ലിങ് പറയുന്നു. കുട്ടികളും യുവാക്കളും ഗർഭിണികളും അടക്കമുള്ള ടൈപ്പ് 1 പ്രമേഹ രോഗികളിലേക്ക് ഈ ഉപകരണം എത്തിക്കാനുള്ള ശ്രമത്തിലാണ് എൻഎച്ച്എസ്.