ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി

ലോങ് കോവിഡിനോട് മല്ലിട്ടതിന്റെ റെക്കോഡുമായി ജീവിച്ച എഴുപത്തിരണ്ടുകാരൻ വിടവാങ്ങി. ഡച്ചുകാരനായ പേര് വെളിപ്പെടുത്താത്ത രോഗി 613 ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് മരണമടഞ്ഞത്. 2022 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന് കോവിഡ് ബാധിച്ചതിനു പിന്നാലെ അമ്പതു പ്രാവശ്യത്തിലേറെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഇരുപതുമാസത്തോളമാണ് ദീർഘകാല കോവിഡുമായി വയോധികൻ ജീവിച്ചത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും നീളമേറിയ കോവിഡ് കാലയളവും ഇദ്ദേഹത്തിന്റേതാണ്. നേരത്തേ 505 ദിവസത്തെ കോവിഡ് പോരാട്ടത്തിനൊടുവിൽ മരണപ്പെട്ട ബ്രിട്ടീഷ് പൗരന്റെ വാർത്ത പുറത്തുവന്നിരുന്നു. അതിനേയും മറികടക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പോരാട്ടം. ഒമിക്രോൺ വകഭേദം ബാധിക്കുന്നതിനുമുമ്പേ പലവിധ വാക്സിനുകൾ സ്വീകരിച്ചിരുന്നുവെങ്കിലും പ്രതിരോധശക്തി പാടേ നഷ്ടപ്പെടുകയായിരുന്നു. പ്രതിരോധശേഷി കുറഞ്ഞവരിൽ സാർസ്-കോവ് 2 അണുബാധ തുടരെയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. ‌‌കോവിഡ് സ്ഥിരീകരിച്ച അമേരിക്കയിലെ ഇരുപത്തിനാലു ശതമാനത്തോളം പൗരന്മാരിലും ലക്ഷണങ്ങൾ മൂന്നുമാസത്തിലേറെ നീണ്ടുനിന്നിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. കോവിഡ് വന്നുമാറിയ ചിലരിൽ നിലനിൽക്കുന്ന ദീർഘകാല അനുബന്ധപ്രശ്നങ്ങളാണ് ലോങ് കോവിഡ്.