ഏകാന്തത അപകടകാരി എന്ന് പഠന റിപ്പോർട്ട്. റിജെവൻസ്ട്രീഫ് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇന്ത്യാനാ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അൽഷിമേഴ്സ് സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട ചോദ്യാവലികളിലെ ഡേറ്റകൾ പരിശോധിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. സമ്മർദം വർധിക്കാൻ കാരണമാകുന്ന ഏകാന്തത മാനസിക-ശാരീരികാരോഗ്യത്തെ അടിമുടി ബാധിക്കുന്നുവെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. മദ്യപാനം, അമിതവണ്ണം, പുകവലി എന്നിവയേക്കാൾ അപകടകാരിയായ ഏകാന്തത പലവിധത്തിലുള്ള ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാക്കുന്നു. ഹൃദ്രോഗങ്ങൾ , പ്രതിരോധശേഷി , വിഷാദരോഗം, ഉത്കണ്ഠ, ഡിമെൻഷ്യ സാധ്യതകൾ വർധിപ്പിക്കാൻ ഏകാന്തത കാരണമാകുന്നു എന്ന് ഗവേഷകർ കണ്ടെത്തി. എല്ലാ പ്രായക്കാരേയും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഏകാന്തത. എന്നാൽ പ്രായമായവരിലാണ് ഏകാന്തത കൂടുതലായി അനുഭവപ്പെടുന്നതെന്ന് ഗവേഷകർ നിരീക്ഷിച്ചു. ഏകാന്തതയിലൂടെ കടന്നുപോകുന്നവരെ മനസിലാക്കുവാനും അവർക്ക് വേണ്ട പ്രതിവിധികൾ കൈക്കൊള്ളാനും ആരോഗ്യപ്രവർത്തകർക്ക് കഴിയണമെന്നും പഠനം നിർദ്ദേശിക്കുന്നു. അമേരിക്കൻ ജെറിയാട്രിക്സ് സൊസൈറ്റിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.