സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ കൂടുതൽ മെഡിക്കൽ കോളേജുകൾ ഇത്തവണ ദേശീയ റാങ്കിംഗ് പട്ടികയിൽ ഉൾപ്പെടുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകവേ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആർദ്രം മിഷന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ എല്ലാ സംവിധാനങ്ങളും ഒരുക്കാനാണ് പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് സർക്കാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റോബോട്ടിക് സർജറിക്ക് 29 കോടി ബജറ്റിൽ അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ചു വരുന്നു. 2 സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. 80 പിജി സീറ്റുകൾക്ക് പുതുതായി അനുമതി ലഭിച്ചു. ആദ്യമായി മെഡിക്കൽ കോളേജും ദന്തൽ കോളേജും ദേശീയ റാങ്കിംഗിൽ ഉൾപ്പെട്ടു. ഈ റാങ്കിംഗ് കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.